മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ല, ലീഗിന്റേത് ന്യായമായ ആവശ്യമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍
Sunday, February 25, 2024 10:31 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കുന്നതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലീഗിന്റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കള്‍ ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ .പി.എ മജീദ്, പി.എം.എ സലാം, ഇ. ടി.മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഇവിടെ എത്തിയത്. രാവിലെ 11നാണ് യോഗം ചേരുക.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് എന്നിവര്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് അടക്കമുള്ള കടുത്ത നിലപാടിലേക്ക് ലീഗ് നീങ്ങിയേക്കുമെന്നാണ് വിവരം.