സമരാഗ്നി വേദിയിൽ കെപിസിസി അധ്യക്ഷന്റെ പേര് മാറിപ്പോയി
Saturday, February 24, 2024 8:50 PM IST
പത്തനംതിട്ട: കെപിസിസിയുടെ പത്തനംതിട്ടയിലെ സമരാഗ്നി വേദിയിൽ കെപിസിസി അധ്യക്ഷന്റെ പേര് തെറ്റിച്ച് പറഞ്ഞു. പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയാണ് സുധാകരന്റെ പേര് തെറ്റായി പറഞ്ഞത്.
കെ. സുധാകരൻ എന്നതിനു പകരം കെ. സുരേന്ദ്രൻ എന്നായിരുന്നു എംപി പറഞ്ഞത്. വാക്കുപിഴ തിരിച്ചറിഞ്ഞതോടെ എംപി ഉടൻതന്നെ പേര് തിരുത്തിപ്പറഞ്ഞു.
ആലപ്പുഴയിൽ പര്യടനം പൂർത്തിയാക്കി വൈകിട്ടായിരുന്നു സമരാഗ്നിയുടെ പത്തനംതിട്ടയിലെ യോഗം. ജാഥ എത്തുന്നതിന് മുന്നോടിയായി ആലപ്പുഴയിൽവച്ച് കെ.സുധാകരൻ നടത്തിയ അസഭ്യ പരാമർശത്തിന്റെ ചുവടുപിടിച്ച് പത്തനംതിട്ടയിൽ എസ്എഫ്ഐ ജില്ലാകമ്മിറ്റി പരിഹാസ ബാനർ സ്ഥാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ചായിരുന്നു ബാനർ സ്ഥാപിച്ചത്.