ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് നിക്ഷേപകർ
Friday, February 23, 2024 8:15 PM IST
ബംഗളൂരു: ബൈജൂസ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് പ്രധാന നിക്ഷേപകർ. ഇന്നു ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിൽ പ്രോസസ് എൻവി, പീക് എക്സ്വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.
ഇന്നത്തെ ഇജിഎമ്മിൽ ഉണ്ടായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ബൈജൂസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബൈജൂസിലെ ചില ജീവനക്കാർ ഇന്നത്തെ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചെന്നും മീറ്റിംഗിനിടെ കൂകി വിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ടുണ്ട്.
അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബൈജൂസ് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പിന്നാലെയാണ് നിക്ഷേപകരിൽ ഒരു വിഭാഗം യോഗം വിളിച്ചത്.
കമ്പനിയിൽ മുപ്പത് ശതമാനം ഓഹരിയുള്ള നിക്ഷേപകർ ബൈജു രവീന്ദ്രനടക്കമുള്ള നിലവിലെ ഡയറക്ടർ ബോർഡിനെതിരെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിനെ സമീപിച്ചുവെന്ന് യോഗത്തിൽ അറിയിച്ചു.
അതേസമയം വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയെന്ന് ഇഡി കണ്ടെത്തിയതിനെ തുടർന്ന് ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.