ഉപതെരഞ്ഞെടുപ്പ്: മൂന്നാറിൽ രണ്ടിടത്തും ജയിച്ച് യുഡിഎഫ്
Friday, February 23, 2024 11:46 AM IST
ദേവികുളം: മൂന്നാർ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടുവാർഡുകളും നിലനിർത്തി യുഡിഎഫ്. 11, 18 വാർഡുകളിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. 11-ാം വാർഡായ മൂലക്കടയിൽ കോൺഗ്രസ് സ്ഥാനാർഥി നടരാജൻ 35 വോട്ടിന് ജയിച്ചു. 18-ാം വാർഡ് നടയാറിലും യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു.
രണ്ടുവാർഡുകളിലെയും അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയതോടെയാണ് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ട് അംഗങ്ങളും കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്നിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവരെയും അയോഗ്യരാക്കി. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ യുഡിഎഫിന് ഭരണം നഷ്ടമാകുമായിരുന്നു.