കടലിലും ചൂടേറി: തീരംവിട്ട് മത്സ്യങ്ങള്‍
Thursday, February 22, 2024 8:23 PM IST
കോഴിക്കോട്: വേനൽക്കാലത്തു കരയില്‍ ചൂടു കനക്കുമ്പോള്‍ കടലിലും ചൂടു വര്‍ധിച്ചു. ചൂടു കൂടിയതോടെ മത്സ്യലഭ്യതയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ബോട്ടുകളില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിനുപോകാതെ കരയ്ക്കടുപ്പിച്ചു.
ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറുതും വലുതും ഉള്‍പ്പെടെ ഏതാണ്ട് 1,500 ബോട്ടുകളുണ്ട്. ഇതില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. വലിയ തുകയ്ക്ക് ഡീസലടിച്ച് പോകുന്ന ബോട്ടുകാര്‍ക്ക് ഡീസലിന്റെ ചെലവിനു പോലുമുള്ള മത്സ്യം കിട്ടുന്നില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു.
കേരളത്തീരത്തു ചൂടു കൂടിയതോടെ മീനുകള്‍ കൂട്ടത്തോടെ തീരം വിട്ടതാണു മീന്‍ കുറയാന്‍ കാരണം. വലിയ ബോട്ടുകള്‍ ഇടയ്ക്ക് പോകുമെങ്കിലും കാര്യമായി മീന്‍ ലഭിക്കാറില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇതുതന്നെയാണ് അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു. ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാര് മാത്രമാണ് ഇപ്പോള്‍ മീന്‍പിടിത്തത്തിനു പോകുന്നത്.
സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മീന്‍ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്.എന്നാലിപ്പോള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്ത അവസ്ഥയാണ്. തമിഴ്നാട്, ഗോവ, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കിപ്പോള്‍ മീനുകളെത്തുന്നത്.
കേരള തീരത്ത് സുലഭമായിരുന്ന ചെറുമീനുകളായ മത്തി, അയല, മാന്തല്‍ എന്നിവ ലഭിക്കാനില്ല. ആവേലിയും അയലക്കൂറയും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവുമാണ് മീന്കുറയാന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കടലില്‍ ചൂട് കൂടിയതോടെ മത്സ്യങ്ങള്‍ കൂട്ടമായി തീരം വിടുകയാണ്. വലിയ ബോട്ടുകള്‍ കടലില്‍ പോയി തിരിച്ചുവരണമെങ്കില്‍ ഒരുലക്ഷം രൂപ വരെ ചെലവ് വരും. എന്നാല്‍ ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ഇതോടെ മത്സ്യതൊഴിലാളികളുടെ വിവിധ വായ്പ അടവുകളും തെറ്റി.
മീന്‍ലഭ്യത കുറഞ്ഞതോടെ ഹാര്‍ബറുകളില്‍ നിന്നുള്ള കയറ്റുമതിയും നാലിലൊന്നായി കുറഞ്ഞു. കാലാവസ്ഥയിലെ മാറ്റം രണ്ടു തരത്തിലാണു മീനുകളെ ബാധിക്കുന്നത്. കടലിലെ ചൂടു കൂടുന്നതോടൊപ്പം അസിഡിറ്റി അഥവാ അമ്ലത കൂടും. കാലാവസ്ഥ വ്യതിയാനത്തിനു പുറമെയാണ് അശാസ്ത്രീയ മത്സ്യബന്ധനവും.
പെലാജിന് വല ഉപയോഗിച്ചുള്ള മീന്‍പിടിത്തമാണ് ഇതില്‍ പ്രധാനം. പ്രത്യേകമായി തയാറാക്കുന്ന വല രണ്ടു ബോട്ടുകള്‍ ചേര്‍ന്നു വലിക്കുന്ന രീതിയാണു പെലാജിക് മത്സ്യബന്ധനം. ഇത്തരത്തില്‍ വല വലിക്കുമ്പോള്‍ ആ പ്രദേശത്തെ ചെറു മത്സ്യങ്ങള്‍ ഉള്‍പ്പെടെ ഒന്നടങ്കം വലയിലാവും. ഇതു മത്സ്യസമ്പത്ത് പാടേ ഇല്ലാതാകുന്നതിനു കാരണമാകുന്നു.
ഏതാനും വര്‍ഷങ്ങളായി കടലിലെ മത്സ്യലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതു തന്നെയാണ്. ഇത് പരമ്പരാഗത തൊഴിലാളികളും വലിയ ബോട്ടുകാരും തമ്മിലുള്ള കലഹത്തിനും ഇടയാക്കുന്നുണ്ട്. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം. അതോടൊപ്പം നഷ്ടത്തിലായ മേഖലയെ രക്ഷിക്കാന്‍ ഉടന്‍ പരിഹാരം കാണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.