ഇന്നല്ലെങ്കിൽ നാളെ ബിജെപിയിൽ വരും; കമൽനാഥിനെതിരെ ഒളിയമ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
Thursday, February 22, 2024 12:26 AM IST
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാര ജില്ലയിൽ നിന്നുള്ള നിരവധി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു.
അവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, പലരും ആശങ്കാകുലരാണെന്നും വരും ദിവസങ്ങളിൽ അവർ ബിജെപിയിൽ ചേരുമെന്നും പറഞ്ഞു. ബിജപിയിൽ അംഗത്വം എടുത്ത കോൺഗ്രസുകാരിൽ, സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി ഉജ്വൽ സിംഗ് ചൗഹാൻ, കൗൺസിലർമാർ, സർപഞ്ചുമാർ, ജൻപദ് അംഗങ്ങൾ, പ്രവർത്തകർ എന്നിവരും ഉൾപ്പെടുന്നു.
"പലർക്കും ആശങ്കയുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവർ ബിജെപി കുടുംബത്തിൽ ചേരും. ഇത് സംഭവിക്കുന്നത് തടയാൻ ലോകത്ത് ആർക്കും കഴിയില്ല," ഒരു പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മധ്യപ്രദേശ് വികസിക്കുന്നത് തടയാൻ ലോകത്തെ ഒരു ശക്തിക്കും സാധിക്കില്ല ഇത് നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്റെയും കാലമാണ്. ഇത് പാവപ്പെട്ടവരുടെ സർക്കാരാണ്. അദ്ദേഹം പറഞ്ഞു.
104 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചു. അതേസമയം, ഇവർ വിട്ടുപോയത് പാർട്ടിയെ ബാധിക്കില്ലെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.