കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
Wednesday, February 21, 2024 5:25 PM IST
കോട്ടയം: പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പേണ്ടാനാം വയലിൽ കെഎസ്ആർട്ടിസി ബസും ബൈക്കും തമ്മിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്.
ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയായിരുന്നു അപകടം. ഉഴവൂർ ഭാഗത്ത് നിന്ന് പാലായിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പേണ്ടാനം വയൽ ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ദമ്പതികൾ ഹോട്ടലിൽ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ മടങ്ങുകയായിരുന്നു. തുടർന്ന് വലവൂർ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
വാഹനമിടിച്ച സ്ഥലത്ത് നിന്ന് 15 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് ബസ് നിർത്തിയത്. ബൈക്ക് ബസിന്റെ മുൻഭാഗത്തെ ടയറിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.