യമുന നദിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു
Wednesday, February 21, 2024 7:46 AM IST
ന്യൂഡൽഹി: യമുന നദിയിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ചൊവ്വാഴ്ച ബുരാരി മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ലോനിയിലെ റാംപാർക്കിൽ താമസിക്കുന്ന നാല് ആൺകുട്ടികളും നദിയിൽ കുളിക്കാൻ പോയതായിരുന്നു. 15നും 17നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 11 ഓടെയാണ് നാല് കുട്ടികളും വീടുവിട്ടിറങ്ങിയത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി. അവരുടെ വസ്ത്രങ്ങൾ ബന്ധുക്കൾ നദീതീരത്ത് കണ്ടെത്തി.
പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ വിദ്യാർഥിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടക്കുകയാണ്. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.