സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കേണ്ടതു യുവാക്കൾ: മുഖ്യമന്ത്രി
Tuesday, February 20, 2024 2:03 PM IST
തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കണമെന്നും ഇതിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങൾ സമൂഹത്തിന്റെ പ്രധാനഭാഗമാണ്. സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കണം. അത് തകർന്നാൽ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവടിയാർ ഉദയ്പാലസ് കണ്വെൻഷൻ സെന്ററിൽ യുവാക്കളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. അക്കാദമിക്, കലാകായിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട രണ്ടായിരം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംവാദ പരിപാടി നടക്കുക. നവകേരള സദസിന്റെ തുടര്‍ച്ചയായി, നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം. വിവിധ ജില്ലകളിലായി മാര്‍ച്ച് മൂന്നുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.