സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് വേഗത പോര; ഗവര്‍ണറെ പരാതി അറിയിച്ച് മാനന്തവാടി ബിഷപ്പ്
Monday, February 19, 2024 3:03 PM IST
വയനാട്: വന്യമൃഗ ആക്രമണത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് വേഗത പോരെന്ന് ഗവര്‍ണറെ പരാതി അറിയിച്ച് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. ഉദ്യോസ്ഥസംവിധാനം കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ബിഷപ്പ്ഹൗസിലെത്തിയ ഗവർണറോട് അദ്ദേഹം പറഞ്ഞു.
മാനന്തവാടിയിലെ മെഡിക്കല്‍ കോളജ് നാമമാത്രമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇവിടെയില്ലാത്തതുകൊണ്ടാണ് ആളുകള്‍ക്ക് ജീവന് നഷ്ടമാകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഗവർണർ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ബേലൂര്‍ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെയാണ് ഗവർണർ ആദ്യം കണ്ടത്.
തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറായ പോളിന്റെ വീടും മൂടകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും ഗവർണർ സന്ദർശിച്ചു.
മൂന്നാഴ്ച മുന്‍പ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ശരത്തിനെയും ഗവർണർ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന് ശേഷമാണ് ഗവർണർ ബിഷപ്പ്ഹൗസിലെത്തിയത്.