ഗ്രാമീൺ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ പ്രതിഷേധം മാത്രം
Friday, February 16, 2024 9:12 AM IST
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.
ബന്ദിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ നാലു വരെ റോഡ് തടയലും റെയിൽ ഉപരോധവും ജയിൽ നിറയ്ക്കൽ സമരവും ആഹ്വാനം ചെയ്തിട്ടുണ്ട്.
തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും ദേശീയ മഹിളാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.
കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് വ്യാപാരികൾ പിന്തുണ നൽകും. രാജ്ഭവനിലേക്കും മറ്റു കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.