അമിത് ഷാ എന്ന പേരിൽ തട്ടിപ്പിന് ശ്രമം; പ്രതി പിടിയിൽ
Friday, February 16, 2024 4:32 AM IST
ബറേലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അനുകരിച്ച് ഫോണിലൂടെ മുൻ എംഎൽഎയുടെ പക്കൽനിന്ന് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. രവീന്ദ്ര മൗര്യയെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
ഇയാളുടെ സഹായി ഷഹീദിനായി തിരച്ചിൽ നടത്തുന്നതായി പോലീസ് പറഞ്ഞു. ബർഖേറ മണ്ഡലത്തിലെ മുൻ എംഎൽഎ കിഷൻലാൽ രജ്പുത്തിനെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്.
മുൻ എംഎൽഎയെ ഫോണിൽ വിളിച്ച പ്രതി കേന്ദ്ര മന്ത്രി അമിത് ഷായാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് ഇലക്ഷന് സീറ്റ് ലഭിക്കുന്നതിനായി പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
സമാനമായ രീതിയിൽ ഇയാൾ മുമ്പും പണം തട്ടാൻ ശ്രമിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.