സംസ്ഥാനത്ത് 30 വയസിനു മുകളിലുള്ള ആളുകളുടെ വാർഷികാരോഗ്യ സ്ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്
Friday, February 16, 2024 1:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണെന്നും അവർ പറഞ്ഞു.
ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ രണ്ടാംഘട്ടത്തിന്റെ (ശൈലി 2.0) ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്ക്രീനിംഗിൽ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്ക്രീനിംഗ് പൂർത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.