തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; ഗതാഗത കമ്മീഷണർക്ക് ഗണേഷ്കുമാറിന്റെ ശാസന
Wednesday, February 14, 2024 12:32 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നടത്തിയ യോഗത്തിനിടെ ഗതാഗത കമ്മീഷണറെ വിമർശിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഓട്ടോമാറ്റിക് ഡ്രൈവിംഗ് സ്കൂൾ സംബന്ധിച്ച കേന്ദ്ര ഉത്തരവിനെ ചൊല്ലിയായിരുന്നു കമ്മീഷണർക്ക് മന്ത്രിയുടെ ശാസന.
എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിംഗ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാമെന്ന് കേന്ദ്രം നിർദേശിച്ചതായും കമ്മീഷണർ മന്ത്രിയെ അറിയിച്ചിരുന്നു.
എന്നാൽ ഇത് ഉത്തരവായി ഇറങ്ങിയോ എന്ന് മന്ത്രി കമ്മീഷണറോട് ചോതിച്ചു. ഇല്ല എന്ന കമ്മീഷണറുടെ മറുപടിയാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യോഗത്തിനിടെ മന്ത്രി ഗതാഗത കമ്മീഷണറെ വിമർശിച്ചത്.
എന്നാൽ ഇത് കേന്ദ്ര സർക്കാരിന്റെ നയമാണെന്നും സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.