കോൺഗ്രസ് വിടുന്നത് ഭീഷണികൾക്കു വഴങ്ങുന്നവരും സ്ഥാനമോഹികളും: കെ.സി. വേണുഗോപാൽ
Monday, February 12, 2024 4:48 PM IST
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി വിടുന്നത് ഭീഷണികൾക്ക് വഴങ്ങുന്നവരും സ്ഥാനമോഹികളുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയോട് കൂറുള്ളവർ ഒപ്പം നിൽക്കും.
വിട്ടുപോകുന്നതിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദി. നേതാക്കൾ വിട്ടു പോയത് അവരുടെ കുഴപ്പം കൊണ്ടാണ് അതിന് രാഹുലിന്മേൽ പഴി വേണ്ടെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസിൽ അനൈക്യമില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തിൽ തെറ്റില്ല. സഭയിൽ മോദിയെ വിമർശിക്കുന്നവരിൽ പ്രേമചന്ദ്രൻ മുൻപന്തിയിലാണ്. വിവാദം അനാവശ്യമെന്നും വേണുഗോപാൽ പറഞ്ഞു.
താഴെത്തട്ടിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര. ഇന്ത്യ സഖ്യത്തിന് വേണ്ടി പരമാവധി വിട്ടുവീഴ്ചയ്ക്ക് തയാറാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരും.
വ്യത്യസ്ത നിലപാടുളവരെ ഒന്നിപ്പിക്കുക എളുപ്പമല്ല. സഖ്യം രൂപീകരിക്കുമ്പോൾ തന്നെ ഇക്കാര്യം കോൺഗ്രസ് അറിഞ്ഞിരുന്നു. ഐക്യത്തിന് കോൺഗ്രസ് താഴ്മയോടെയാണ് നിൽക്കുന്നതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.