ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസ്: ലാലുപ്രസാദിന്റെ ഭാര്യക്കും പെൺമക്കൾക്കും ജാമ്യം
Friday, February 9, 2024 6:42 PM IST
ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്കും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
റാബ്റി ദേവിയും മകൾ മിസ ഭാരതിയും അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി ഇവരെ വിളിപ്പിച്ചത്.
ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കുമെതിരെ റെയിൽവേയിൽ ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ജനുവരി 30ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. ഫെബ്രുവരി 27ന് കേസിന്റെ അടുത്ത വാദം കേൾക്കും. റെയിൽവേയിൽ ജോലി നൽകിയെന്ന് വാഗ്ദാനം ചെയ്ത് ഭൂമി വാങ്ങിയെന്നാണ് കേസ്.