രാജസ്ഥാനിൽ കുഴൽകിണറ്റിൽ യുവതി വീണു; രക്ഷാപ്രവർത്തനം തുടരുന്നു
Thursday, February 8, 2024 6:48 AM IST
ജയ്പുർ: രാജസ്ഥാനിൽ 100 അടിയോളം താഴ്ചയുള്ള കുഴൽക്കിണറിൽ യുവതി വീണു. ഗംഗാപൂർ സിറ്റി ജില്ലയിലെ ഗുഡ്ല ഗ്രാമത്തിൽ നിന്നുള്ള മോനാ ബായി(25) എന്ന യുവതിയാണ് വീടിനു പിന്നിലെ വയലിൽ കുഴിച്ച കുഴൽക്കിണറിൽ വീണതെന്ന് ബമൻവാസ് സബ് ഡിവിഷൻ ഓഫീസർ അൻഷുൽ കുമാർ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും യുവതിയെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കുഴൽക്കിണറിലുള്ള യുവതിക്ക് ഓക്സിജൻ എത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ നടത്തിവരികയാണ്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്.
യുവതി അബദ്ധത്തിൽ കിണറ്റിൽ വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉച്ചയോടെയാണ് ഒരു സ്ത്രീ കുഴൽക്കിണറിൽ വീണ വിവരം ലഭിച്ചതെന്ന് ബമൻവാസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാന്ത്രം പറഞ്ഞു. കുഴൽക്കിണറിന് പുറത്ത് അവളുടെ ചെരിപ്പ് കണ്ടതായും അവൾ ഉള്ളിൽ വീണതാണെന്ന് തിരിച്ചറിഞ്ഞതായും വീട്ടുകാർ പോലീസിനോട് പറഞ്ഞു.
യുവതിയുടെ വീടിന് പിന്നിലെ കൃഷിയിടത്തിൽ അടുത്തിടെ 100 അടി താഴ്ചയുള്ള കുഴൽക്കിണർ കുഴിച്ചിരുന്നു. കുഴൽക്കിണറിൽ വെള്ളമില്ല.