പാലക്കാട്ട് നെൽവയലിൽ കാട്ടാനയുടെ പരാക്രമം; വ്യാപക കൃഷിനാശം
Wednesday, February 7, 2024 11:02 AM IST
പാലക്കാട്: കാട്ടാന നെൽവയലിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. കഞ്ചിക്കോട് പുതുശേരി മേഖലയിലെ നെൽകൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ചയിലധികമായി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
ഇരുപതേക്കറോളം വരുന്ന കൊയ്യാറായ രണ്ടാംവിള നെൽപ്പാടങ്ങളിലെ വിവിധ ഭാഗങ്ങളിലായാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ വർഷവും ഇതേ മേഖലയിൽ കാട്ടാനശല്യമുണ്ടായിരുന്നു. അന്ന് ചുള്ളിക്കൊമ്പൻ എന്ന കാട്ടാനയാണ് പാടങ്ങളിൽ ഇറങ്ങിയത്. ഇത്തവണയും ചുള്ളിക്കൊമ്പൻ തന്നെയാണോ എന്നതിൽ വ്യക്തതയില്ല.
കൃഷിയിടത്തിനു ചുറ്റും സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരത്തടികൾ കൊണ്ട് ഇവ തകർത്താണ് ആന അകത്തുകയറുന്നത്. രാത്രി പത്തുവരെ പ്രദേശത്ത് വനംവകുപ്പ് വാച്ചർമാരുണ്ട്. ഇവർ മടങ്ങിയതിനു ശേഷം അർധരാത്രിയോടെയാണ് ആനയിറങ്ങുന്നത്. ഇതിനാൽ മുഴുവൻ സമയവും വാച്ചർമാർ വേണമെന്നാണ് കർഷകരുടെ ആവശ്യം.