ഗുജറാത്തിൽ രണ്ടു വയസുകാരൻ കുഴൽകിണറിൽ വീണു
Wednesday, February 7, 2024 6:43 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടു വയസുകാരൻ കുഴൽകിണറിൽ വീണു. ജാംനഗറിലെ ഗോവന ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ നാല് മണിക്കൂറായി രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിശമനസേനയുടെ രണ്ട് ടീമുകളാണ് സ്ഥലത്തുള്ളത്. രാജ്കോട്ടിൽ നിന്നുള്ള ഒരു എസ്ഡിആർഎഫ് ടീമിനെയും വഡോദരയിൽ നിന്നുള്ള എൻഡിആർഎഫ് ടീമിനെയും വിളിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കടൻ ചാവ്ദ പറഞ്ഞു.
ജനുവരിയിൽ ഗുജറാത്തിലെ ദ്വാരക ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചിരുന്നു.