ചിലി മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
Wednesday, February 7, 2024 3:26 AM IST
സാന്റിയോഗോ: ചിലിയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനേര(74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സാന്റിയാഗോയുടെ തെക്ക്, പ്രശസ്തമായ അവധിക്കാല സ്ഥലമായ ലാഗോ റാങ്കോയിൽ വച്ചായിരുന്നു അപകടം. ശവസംസ്കാരത്തിന്റെ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. അപകടസമയം സെബാസ്റ്റ്യൻ പിനേര ഉൾപ്പടെ നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്നുപേർ രക്ഷപെട്ടുവെങ്കിലും സെബാസ്റ്റ്യൻ പിനേര മരിച്ചുവെന്ന് ചിലി ആഭ്യന്തര മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ പിനേരയുടെ മൃതദേഹം സൈന്യം കണ്ടെടുത്തു. 2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളായ അദ്ദേഹം ഒരു കോടീശ്വരനായ വ്യവസായി കൂടിയായിരുന്നു.
തെക്കേ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ പിനേരയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തനിക്ക് വലിയ ദുഃഖം തോന്നിയെന്നും ഇത് നികത്താനാവാത്ത നഷ്ടമാണെന്നും അർജന്റീനിയൻ മുൻ പ്രസിഡന്റ് മൗറിസിയോ മാക്രി പ്രതികരിച്ചു. സുഹൃത്തിന്റെ മരണത്തിൽ വലിയ ദുഃഖം തോന്നുന്നുവെന്ന് കൊളംബിയയുടെ മുൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് പറഞ്ഞു.