കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി
Monday, February 5, 2024 11:03 AM IST
തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ഇതിനകം 16 പേറ്റന്റുകള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിംഗ് ലാബ് സ്ഥാപിച്ചു. സ്ഥാപിതമായി മൂന്നുവര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി അക്കാഡമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്പെസിഫിക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.