വീണ്ടും റിസോർട്ട് രാഷ്ട്രീയം; ബിഹാറിലെ കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിൽ
Sunday, February 4, 2024 9:36 PM IST
ബംഗളൂരൂ: ബിഹാറിലെ ഇന്ത്യ സഖ്യത്തിന്റെ തകർച്ചയ്ക്കു പിന്നാലെ 16 കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചു. 12 ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ജെഡിയു ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചത്.
19 എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിനുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ അൻവറുൾ ഹഖ് എന്ന എംഎൽഎ ന്യൂഡൽഹിയിൽ തുടരുകയാണ്. തെലുങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അഭിനന്ദിക്കാനാണ് എംഎൽഎമാർ എത്തിയതെന്ന് ബിഹാർ പിസി സി അധ്യക്ഷൻ അഖിലേഷ് സിംഗ് പറഞ്ഞു.
നേരത്തെ ജാർഖണ്ഡിലെ ജെഎംഎം എം എൽഎമാരെയും ഹൈദരാബാദിൽ എത്തിച്ചിരുന്നു. ജാർഖണ്ഡിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനാൽ ഇവർ ഉടൻ റാഞ്ചിക്കു തിരിക്കും.