കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമാനേജ്മെന്റിലെ പിടിപ്പുകേട്: കേന്ദ്രം സുപ്രീംകോടതിയിൽ
Sunday, February 4, 2024 2:38 PM IST
ന്യൂഡൽഹി: തിങ്കളാഴ്ച ബജറ്റിനൊരുങ്ങവേ കേരളത്തിനെതിരേ രൂക്ഷവിമർശനവുമായി കേന്ദ്രം സുപ്രീം കോടതിയിൽ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്മെന്റിലെ പിടിപ്പുകേടാണെന്നും കേരളത്തിലേത് അതീവ മോശം ധനമാനേജ്മെന്റാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന 46 പേജുള്ള കുറിപ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് കേന്ദ്ര ധനമന്ത്രാലയം എജി മുഖേന കുറിപ്പ് കോടതിയില്‍ നല്‍കിയത്. ധനകാര്യകമ്മീഷന് നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.
ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018–2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021–22 ല്‍ 39 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട്. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്മെന്റ് കാരണം കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങുന്നുവെന്നും ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
2018-19 ല്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കില്‍, ഇപ്പോള്‍ 2021-22 ആയപ്പോള്‍ 38 ശതമാനം ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.