കേന്ദ്രത്തിനെതിരേ ഡൽഹിയിൽ സമരം പ്രഖ്യാപിച്ച് കർണാടക
Saturday, February 3, 2024 3:03 PM IST
ബംഗളൂരു: കേന്ദ്ര ഗ്രാന്റിന്റെ വിഹിതം അനുവദിക്കുന്നതിൽ സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അനീതിക്കെതിരേ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഈ മാസം ഏഴിനാണ് സമരം പ്രഖ്യാപിച്ചിടുള്ളത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, കാബിനറ്റ് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളോട് പ്രകടനത്തിൽ പങ്കെടുക്കണമെന്നും ശിവകുമാർ അഭ്യർഥിച്ചു.
സിദ്ധരാമയ്യ സമരത്തിനു നേതൃത്വം നൽകുമെന്നും 138 കോൺഗ്രസ് എംഎൽഎമാരും എംഎൽഎമാരും എംപിമാരും ഇതിൽ പങ്കെടുക്കുമെന്നും ശിവകുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഏഴിന് പ്രകടനം നടത്താൻ അനുമതി തേടി ഡൽഹിയിലെ അധികാരികൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
രാജ്യത്തിന്റെ ഖജനാവിലേക്ക് കൂടുതൽ നികുതി സംഭാവന നൽകുന്ന രാജ്യത്തെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന് ന്യായമായ വിഹിതം ലഭിക്കുന്നില്ല. കർണാടകയിൽ നിന്നുള്ള 28 എംപിമാരിൽ 27 പേരും ബിജെപിയിൽ നിന്നുള്ളവരാണെങ്കിലും അവർക്ക് സംസ്ഥാനത്തിനു നീതി ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് ഏകദേശം 62,000 കോടി രൂപയുടെ വരുമാനമാണ് നഷ്ടമായത്. സംസ്ഥാനം കടുത്ത വരൾച്ചയിൽ അകപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഒരു പൈസ പോലും അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം അനിവാര്യമായിരിക്കുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രത്തിനെതിരേ പിണറായി വിജയനും മന്ത്രിസഭയും ഡൽഹിയിൽ സമരം നടത്തുന്നത് ഈ മാസം എട്ടിനാണ്. ഇതിന് ഒരുദിവസം മുൻപാണ് കർണാടകയുടെ സമരം.