"ഹൈക്കോടതിയും ഒരു ഭരണഘടനാ സ്ഥാപനമാണ്'; ഹേമന്ത് സോറന് സുപ്രീം കോടതിയില്‍ തിരിച്ചടി
Friday, February 2, 2024 2:33 PM IST
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് സുപ്രീം കോടതിയില്‍ തിരിച്ചടി. ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടിക്കെതിരേ സോറന് ഹര്‍ജി നല്‍കിയെങ്കിലും സുപ്രീം കോടതി ഇടപെട്ടില്ല.
ആര്‍ട്ടിക്കിള്‍ 226 പ്രകാരം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതികളെ മറി കടന്ന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരാളെ അനുവദിച്ചാല്‍ എല്ലാവര്ക്കും അത് അനുവദിക്കേണ്ടിവരും. മാത്രമല്ല ഹൈക്കോടതി ഒരു ഭരണഘടനാ കോടതി കൂടിയാണെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് ഹേമന്തിനായി ഹാജരായത്.
ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ജാര്‍ഖണ്ഡില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അന്വേഷണ ഏജന്‍സിയെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഹേമന്ത് സോറന് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ പശ്ചാത്തലത്തില്‍ ഹേമന്ത് സോറന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനം രാജവച്ചിരുന്നു.