മന്ത്രി സജി ചെറിയാനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത: പ്രതിയുടെ വീടും വസ്തുവും ജപ്തി ചെയ്തു
Thursday, February 1, 2024 7:23 AM IST
ചെങ്ങന്നൂര്‍: മന്ത്രി സജി ചെറിയാനെതിരേ നവമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരേ നല്കിയ മാനനഷ്ടക്കേസില്‍ ആലാ സ്വദേശി ശശികുമാറിന്റെ വീടും വസ്തുവും ജപ്തി ചെയ്ത് ചെങ്ങന്നൂര്‍ സബ് കോടതി ജഡ്ജി വീണാ വി.എസ്. ഉത്തരവിട്ടു.
കൂടാതെ മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കരുതെന്നും അപവാദപ്രചരണങ്ങള്‍ നടത്തരുതെന്നും ശശികുമാറിനെ കോടതി വിലക്കി.
ശശികുമാർ നടത്തുന്ന യുട്യൂബ് ചാനലിലൂടെ മന്ത്രിക്കെതിരേ പ്രതി അപകീർത്തി കരമായ വാർത്തകൾ തുടരെ പ്രചരിപ്പിച്ചു വരികയായിരുന്നു. ഇതിനെതിരേ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി നൽകിയ കേസിൽ അഡ്വ. മുരളി മനോഹര്‍ ആന്‍ഡ് അസോസിയേറ്റ്സിലെ അഡ്വ. വിഷ്ണു മനോഹറിന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മാനനഷ്ടക്കേസിൽ അന്തിമ വിധി വരുന്നതിനിടെ പ്രതി സ്വന്തം പേരിലുള്ള വീടും വസ്തുവും മറ്റും കൈമാറ്റം ചെയ്യുന്നതു തടയുകയാണ് കേസിന്റെ ഭാഗമായി നടത്തിയ ഉടൻ ജപ്തിയെന്ന് അഭിഭാഷകൻ വ്യക്തമാക്കി. കേസ് അടുത്ത 17നു വീണ്ടും പരിഗണിക്കും.