തിരക്കേറിയ റോഡിൽ വാഹന പരിശോധന: പൊതുപ്രവർത്തകർ ഇടപെട്ട് തടഞ്ഞു
Thursday, February 1, 2024 5:36 AM IST
കട്ടപ്പന: കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും തമ്മിൽ തർക്കം. തിരക്കേറിയ പാതകളിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം.
രാവിലെ മുതൽ ഇടുക്കി ആർടിഒയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ കട്ടപ്പന നഗരത്തിൽ പലയിടങ്ങളിലും വാഹന പരിശോധന നടത്തിയിരുന്നു. ഹെൽമെറ്റ് ധരിക്കാതെ എത്തുന്ന ബൈക്ക് യാത്രികരായിരുന്നു പ്രധാന ലക്ഷ്യം.
കെഎസ്ഇബി ജംഗ്ഷനിൽ പൊതുവേ വീതി കുറഞ്ഞതും തിരക്കുമുള്ളതുമായ വണ്വേയിലായിരുന്നു ആദ്യം പരിശോധന, പിന്നീട് വൈകുന്നേരം നാലരയോടെ ദീപിക ജംഗ്ഷനിൽ ഗുരുമന്ദിരം വണ്‍വേയിൽ പരിശോധന ആരംഭിച്ചതോടെയാണ് കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ അടക്കമുള്ള പൊതു പ്രവർത്തകർ ഇടപെട്ടത്.
തിരക്കേറിയ ഇത്തരം റോഡുകളിൽ വാഹന പരിശോധന നടത്തുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പൊതുപ്രവർത്തകർ പരിശോധനാ ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേസമയം വാഹന പരിശോധന ഡ്യൂട്ടിയുടെ ഭാഗമാണെന്നു വിശദീകരിച്ച് ഉദ്യോഗസ്ഥർ പരിശോധന തുടർന്നു. തിരക്കേറിയ വണ്‍വേകളിൽ വാഹന പരിശോധന വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്.
പൊതുവേ വീതി കുറഞ്ഞ റോഡുകളുള്ള കട്ടപ്പന ടൗണിനുള്ളിൽ തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലങ്ങൾ പരിശോധനയ്ക്കായി തെരഞ്ഞെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.