അധിക്ഷേപ പരാമർശം; സാബു എം. ജേക്കബിനെതിരേ വീണ്ടും പോലീസ് കേസ്
Thursday, February 1, 2024 1:55 AM IST
കൊച്ചി: കിറ്റക്സ് എംഡിയും ട്വന്റി ട്വന്റി പാര്‍ട്ടി ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിൽ പി.വി. ശ്രീനിജ് എംഎല്‍എയെ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി.
പട്ടികജാതി പട്ടികവർഗ പീഡനനിരോധന നിയമപ്രകാരം ആണ് കേസ്. അതേസമയം, വ്യക്തിപരായ ഒരു അധിക്ഷേപവും ആർക്കെതിരേയും നടത്തിയിട്ടില്ലെന്നാണ് സാബു എം. ജേക്കബ് പ്രതികരിച്ചു.
നേരത്തെ, സാബു എം. ജേക്കബിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്.