ലോകത്തിന്റെ വെഡ്ഡിംഗ് ട്രെന്‍ഡുകളിലേക്ക് മിഴിതുറക്കാം; ലുലു വെഡ്ഡിംഗ് ഉത്സവിന് ഇന്ന് തുടക്കം
Wednesday, January 31, 2024 11:57 AM IST
കൊച്ചി: ലോകത്തിലെ മാറുന്ന വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിംഗ് ഉത്സവ് രണ്ടാം സീസണ് ബുധനാഴ്ച കൊച്ചി ലുലു മാളില്‍ തുടക്കമാകും.
ലുലു മാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ നമിത പ്രമോദ്, മാളവിക മേനോന്, ദേവിക സഞ്ജയ്, മുബിന് റാഫി എന്നിവര്‍ ചേര്‍ന്ന് ലുലു വെഡ്ഡിംഗ് ഉത്സവ് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.
ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ മെഗാ എക്സ്പോ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയാണ്. വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നു എന്നതാണ് വെഡ്ഡിംഗ് ഉത്സവിനെ ശ്രദ്ധേയമാക്കുന്നത്.
വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം വധൂവരന്മാര്ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിക്കാനും സൗകര്യമുണ്ടാകും.
ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ വെഡ്ഡിംഗ് റാംപ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍, പ്രമുഖ മോഡലുകള്‍ ഉള്‍പ്പെടെ റാംപിലെത്തും. ലുലു വെഡ്ഡിംഗ് ഉത്സവിനോടനുബന്ധിച്ച് മാളില്‍ അഞ്ചുദിവസങ്ങളിലും കലാപരിപാടികളും നടക്കും.
ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്, കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ശശാങ്കന്, ലുലു മാള്‍ മാനേജര്‍ വിഷ്ണു, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വൈഷ്ണവ് തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.