ഹേമന്ത് സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കും
Wednesday, January 31, 2024 12:49 AM IST
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താൽ സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭൂമി കുംഭകോണം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഹേമന്ത് സോറനെ ഇഡി ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇഡി സോറനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നിരിക്കെയാണ് കൽപനയെ അടുത്ത മുഖ്യമന്ത്രിയാക്കാൻ ആലോചിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് നടന്ന എംഎൽഎമാരുടെ യോഗത്തിൽ സോറൻ ഇക്കാര്യം അറിയിച്ചതായാണ് സൂചന. ഈ നിർണായക ഘട്ടത്തിൽ സർക്കാരിന്റെ സംരക്ഷണം നിർണായകമായതിനാൽ എംഎൽഎമാരും ഈ അഭിപ്രായത്തോട് യോജിച്ചു.
“ഞങ്ങൾ, സഖ്യത്തിലെ എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെ പൂർണമായി പിന്തുണയ്ക്കുന്നു,” കോൺഗ്രസിൽ നിന്നുള്ള സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്ത ചൊവ്വാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.