സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്പി, അഖിലേഷിന്റെ നീക്കം കോൺഗ്രസുമായി ചർച്ച നടക്കുന്നതിനിടെ
Tuesday, January 30, 2024 6:22 PM IST
ന്യൂഡൽഹി: കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ സമാജ്വാദി പാർട്ടി (എസ്പി) ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 16 സ്ഥാനാർഥികളുടെ പട്ടികയാണ് എസ്പി പുറത്തുവിട്ടത്.
പാർട്ടിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിനെയും ധർമ്മേന്ദ്ര യാദവിനെയും ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഡിംപിൾ യാദവ് മെയ്ൻപുരിയിൽ ജനവിധി തേടും. ബദായൂവിൽ ധർമ്മേന്ദ്ര യാദവും മത്സരിക്കും. സമാജ് വാദി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ 11 സീറ്റുകളാണ് അഖിലേഷ് യാദവ് കോൺഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അഖിലേഷിന്റെ നീക്കം കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാർ ബിഹാറിൽ കൂറുമായി എൻഡിഎയ്ക്കൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായതും പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്.