വിധി സ്വാഗതാർഹം; രഞ്ജിത്തിനും സഹപ്രവർത്തകർക്കും നീതികിട്ടിയെന്ന് കെ. സുരേന്ദ്രൻ
Tuesday, January 30, 2024 2:14 PM IST
തിരുവനന്തപുരം: രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ.
വിധി സമാധാനകാംക്ഷികളായ എല്ലാവർക്കും വലിയ സംതൃപ്തി നല്‍കുന്നതാണ്. ആശ്വാസകരമായ വിധിയാണ്, സ്വാഗതാർഹമായ വിധിയാണ്. രഞ്ജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും നീതി ലഭിച്ചുവെന്നു വേണം ഈ വിധിയിലൂടെ മനസിലാക്കാനെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.
കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 15 പേരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് 10 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റീസ് വി.ജി. ശ്രീദേവി പറഞ്ഞത്.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസിൽ വിചാരണ നേരിട്ട മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ, കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.