വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, കോടതിവിധിയിൽ സംതൃപ്തിയെന്ന് രഞ്ജിത്തിന്റെ കുടുംബം
Tuesday, January 30, 2024 12:32 PM IST
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നല്കിയ വിധിയിൽ സംതൃപ്തരാണെന്ന് അദ്ദേഹത്തിന്റെ കുടുംബം. വിധി കേൾക്കാൻ രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും രണ്ടു പെൺമക്കളും കോടതിയിലെത്തിയിരുന്നു.
പ്രതികൾക്ക് വധശിക്ഷ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് രഞ്ജിത്തിന്റെ അമ്മ വിനോദിനി പ്രതികരിച്ചു. കോടതിയിൽ സത്യസന്ധമായി കേസ് എത്തിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർക്കും നന്ദിപറയുന്നുവെന്ന് രഞ്ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു.
770 ദിവസത്തെ കാത്തിരിപ്പാണ്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. വിധിയിൽ സംതൃപ്തരാണ്. എങ്കിലും ഭഗവാന്റെ ഒരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുണ്ട്. അത് പുറകേ വരുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ലിഷ കൂട്ടിച്ചേർത്തു.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അപൂർവമായ വിധി. ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.
കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 15 പേരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് 10 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റീസ് വി.ജി. ശ്രീദേവി പറഞ്ഞത്.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസിൽ വിചാരണ നേരിട്ട മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ, കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.