അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു
Sunday, January 28, 2024 8:33 PM IST
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 500 രൂപ മുതൽ 1000 രൂപ വരെ വർധിപ്പിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. 10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
ഇതിൽ താഴെ സേവന കാലാവധിയുള്ള ജീവനക്കാരുടെ വേതനത്തിൽ 500 രൂപ കൂടും. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. കഴിഞ്ഞ വർഷത്തിൽ ബജറ്റിൽ അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുമെന്നു ധന മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.
60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിക്കുന്നത്.