ഗവർണർ നയപ്രഖ്യാപനം വായിക്കാതിരുന്നത് നിലവാരമില്ലാഞ്ഞിട്ടാകാം: വി. മുരളീധരൻ
Thursday, January 25, 2024 4:18 PM IST
ന്യൂഡൽഹി: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാഞ്ഞിട്ടാകാം ഗവർണർ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.
കള്ളപ്രചരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി.
രാജ്ഭവനെ അപമാനിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. ഗവർണറെ കുറ്റപ്പെടുത്താൻ കഴിയില്ല. ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഗവർണറുടേതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.