മസാല ബോണ്ട്: ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
Thursday, January 25, 2024 12:09 PM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. സമൻസിനോട് പ്രതികരിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. മസാല ബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം പരിശോധിക്കാന്‍ ഇഡി സമന്‍സ് നല്‍കിയതിനെതിരേ കിഫ്ബി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ആറാം തവണയാണ് തനിക്ക് സമൻസ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ.എം. എബ്രഹം കോടതിയെ അറിയിച്ചു. ഇത് പീഡനമാണ്, അതാണ് ചോദ്യം ചെയ്യുന്നത്. താൻ വിവരങ്ങൾ നേരത്തെ തന്നെ ഇഡി കൈമാറിയിരുന്നു. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും സിഇഒ വ്യക്തമാക്കി.
അതേസമയം തങ്ങൾ പ്രമുഖർ ഉൾപ്പെട്ട നൂറിലധികം കേസുകൾ അന്വേഷിക്കുന്നുണ്ടെന്ന് ഇഡിയും കോടതിയെ അറിയിച്ചു അതിൽ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ല. അങ്ങനെ വരുന്പോൾ തെളിവുകൾ ശേഖരിക്കുന്നത് പ്രയാസകരമായി മാറുമെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിനാണല്ലോ വിളിപ്പിക്കുന്നത്. അതുമായി സഹകരിക്കുകയല്ലേ വേണ്ടതെന്നും കോടതി വാക്കാൽ പരാമർശിച്ചു.
കഴിഞ്ഞ ദിവസം സമൻസ് പിൻവലിക്കാൻ സാധിക്കില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിനു മറുപടി നൽകാനും വാദം നടത്താനും കൂടുതൽ സമയവും കിഫ്ബി തേടി. ഇതോടെ കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.