മകരവിളക്ക് ഉത്സവത്തിന് സമാപ്തി; ശബരിമല നട അടച്ചു
Sunday, January 21, 2024 11:00 AM IST
ശബരിമല: മകരവിളക്ക് ഉത്സവത്തിന് സമാപനംകുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു.
പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്രതിരിച്ചു. ശേഷം പന്തളം രാജപ്രതിനിധി സാന്നിധ്യമറിയിക്കാനായി ശബരീശ ദര്‍ശനം നടത്തി. രാവിലെ 6.30 ന് ഭസ്മാഭിഷേകത്തിനു ശേഷം ഹരിവരാസനം പാടി നടയടച്ചു. ഇതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി.
കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന കളമെഴുത്തും തുടർന്ന് മാളികപ്പുറത്തെ ഗുരുതിയോടെയുമാണ് ചടങ്ങുകൾ പൂർത്തിയായത്. മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം കുറിച്ച് ദോഷപരിഹാരങ്ങളും കൈപ്പിഴകളും മറ്റും ശമിക്കുന്നതിനും വേണ്ടി മാളികപ്പുറത്ത് കുന്നയ്ക്കാട്ട് കുറുപ്പന്മാരുടെ നേതൃത്വത്തിലാണ് ഗുരുതി നടത്തിയത്.
ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നുള്ളു. ഇന്ന് പ്രവേശനമില്ല.
സന്നിധാനത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളുമായി പേടകവാഹകസംഘം പതിനെട്ടാം പടിയിറങ്ങി ശരംകുത്തി, ശബരീപീഠം വഴി പമ്പാ ഗണപതികോവില്‍ എത്തിച്ചേരും. തിരുവാഭരണപേടക സംഘത്തോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികൾ പമ്പ വരെ അനുഗമിക്കും. തുടര്‍ന്ന്, വലിയാനവട്ടം, ചെറിയാനവട്ടം, ഒലിയമ്പുഴ, കൊല്ലമൂഴി, അട്ടത്തോട് വഴി നിലയ്ക്കലെത്തി അവിടുന്ന് വനംവകുപ്പിന്റെ ളാഹ സത്രത്തില്‍ എത്തി വിശ്രമിക്കും.പാരമ്പര്യ തിരുവാഭരണ പാത വഴി തുടരുന്ന യാത്ര 24 ന് പന്തളം കൊട്ടാരത്തിൽ മടങ്ങിയെത്തും.
തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കും.
ഇത്തവണ മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു. ഈ വർഷം 10.35 കോടിയുടെ വർധനവുണ്ടായി. കാണിക്ക എണ്ണിക്കഴിഞ്ഞിട്ടില്ല.
അരവണ വിൽപനയിലൂടെ 146.99 കോടിയും അപ്പം വിൽപനയിലൂടെ 17.64കോടിയും ലഭിച്ചു . 50 ലക്ഷം ഭക്തരാണ് എത്തിയത്. കഴിഞ്ഞ സീസണിൽ 44 ലക്ഷമായിരുന്നു.