പുറത്താക്കാൻ നിന്നില്ല; മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു
Friday, January 19, 2024 2:37 PM IST
ന്യൂഡൽഹി: ലോക്സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. രാവിലെ പത്തിന് മഹുവയുടെ കൈവശമുണ്ടായിരുന്ന ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്ൻ പൂർണമായി ഒഴിഞ്ഞതായും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനു കൈമാറിയതായും മൊയ്ത്രയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.
അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് അയോഗ്യതയെ തുടർന്ന് വസതി ഒഴിയാണമെന്ന് ചൂണ്ടിക്കാട്ടി മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കേണ്ടിവരുമെന്നും ഭവന നിർമാണ, നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
എംപിമാരുടെ ഉൾപ്പെടെയുള്ള വസതികളുടെയും കേന്ദ്രസർക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിനാണ്. ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് മഹുവ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.
ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും നോട്ടീസ് അയച്ചത്. ബുധനാഴ്ചയോടെ നോട്ടീസ് കൈപ്പറ്റിയ മഹുവ തൊട്ടുപിന്നാലെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് മഹുവ വീടൊഴിഞ്ഞത്.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യമുന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും ഹിരാനന്ദാനിക്ക് നൽകിയെന്നും ചൂണ്ടിക്കാട്ടി 2023 ഡിസംബർ എട്ടിനാണ് ലോക്സഭയിൽനിന്ന് മഹുവയെ എത്തിക്സ് കമ്മിറ്റിയുടെ നിർദേശപ്രകാരം പുറത്താക്കിയത്.