മണ്ഡല - മകരവിളക്ക്: കെഎസ്ആർടിസിയുടെ വരുമാനം 38.88 കോടി
Friday, January 19, 2024 10:49 AM IST
പത്തനംതിട്ട: മണ്ഡല- മകരവിളക്കിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക സർവീസുകൾ വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം.
മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളുമാണ് കെഎസ്ആർടിസി നടത്തിയത്. ആകെ 64.25 ലക്ഷം യാത്രക്കാരാണ് ഈ സർവീസുകൾ പ്രയോജനപ്പെടുത്തിയത്.
മണ്ഡല- മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകളും കെഎസ്ആർടിസി നടത്തിയിരുന്നു.
കൂടാതെ, പ്രത്യേക സർവീസുകൾക്കു പിന്നാലെ മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തർക്കായി 15നു വൈകുന്നേരം ഏഴുമുതൽ 16 ന് പുലർച്ചെ 3.30 വരെ പമ്പ - നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുകളും കെഎസ്ആർടിസി നടത്തിയിരുന്നു.
ഇവകൂടാതെ, ശബരിമല നട അടയ്ക്കുന്ന 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, 21 ന് പുലർച്ചെ നാലുവരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.