ഔദ്യോഗിക വസതി ഒഴിയാൻ മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്; വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
Thursday, January 18, 2024 10:44 PM IST
ന്യൂഡൽഹി: ലോക്സഭയിൽനിന്ന് അയോഗ്യയാക്കിയ തൃണമൂൽ കോണ്ഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഇതിനെതിരേ മഹുവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റാണ് വസതി ഒഴിയണം എന്ന് കാണിച്ച് നോട്ടീസ് നൽകിയത്.
ചൊവ്വാഴ്ചയാണ് അയോഗ്യതയെ തുടർന്ന് വസതി ഒഴിയാണമെന്ന് ചൂണ്ടിക്കാട്ടി മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്. വ്യാഴാഴ്ചയാണ് വിഷയത്തിൽ മഹുവ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ഗിരിഷ് കത്പാലിയയാണ് ഹർജി പരിഗണിച്ചത്.
ഡിസംബർ എട്ടിനാണ് മഹുവയെ ലോക്സഭയിൽ നിന്ന് അയോഗ്യയാക്കിയ തീരുമാനം വന്നത്. ദർശൻ ഹിരാനന്ദാനിക്കായി സഭാ ചട്ടങ്ങൾ ലംഘിച്ച് ചോദ്യങ്ങൾ ചോദിച്ചു. ഇതിനായി ഇയാളുടെ പക്കൽ നിന്ന് ഉപഹാരങ്ങളും കൈപ്പറ്റി എന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹുവയെ ലോക്സഭയിൽ നിന്ന് അയോഗ്യയാക്കിയത്.