കുസാറ്റ് ദുരന്തം: നിലവിലെ പോലീസ് അന്വേഷണം തുടരുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി
Thursday, January 18, 2024 3:06 PM IST
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പോലീസ് റിപ്പോർട്ടിൽ പരാമർശിച്ച പ്രതികളെ അറസ്റ്റ് ചെയ്തോ എന്നു സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
നിലവിലുള്ള പോലീസ് അന്വേഷണം തുടരുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി ചോദിച്ചു. ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് കോടതിയെ സമീപിച്ചത്.
സംഗീത പരിപാടിയില്‍ ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന്‍ അനുവദിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നായിരുന്നു പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ദുരന്തത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണെന്ന് മുൻ പ്രിൻസിപ്പൽ ദിപക് കുമാർ സാഹു ഹൈക്കോടതിയെ അറിയിച്ചു. ടെക് ഫെസ്റ്റിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നതായും എന്നാൽ ഇത് അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.