കുസാറ്റ് ദുരന്തം: ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളുന്നതിന്റെ നാലിരട്ടി ആളുകളെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്
Wednesday, January 17, 2024 9:13 AM IST
കൊച്ചി: ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് റിപ്പോര്‍ട്ട്. 1000 പേരേ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിലെത്തിയത് 4000 പേരാണെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ കാന്പസിന് പുറത്ത് നിന്നും നിരവധി ആളുകളെത്തി. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും തൃക്കാക്കര അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായി. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്ത് ആംഫി തിയറ്ററിൽ സംഘടിപ്പിച്ച സംഗീതനിശയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപടകത്തില്‍പെട്ടത്. തിരക്കിനിടയില്‍ നിലത്തുവീണ് ചവിട്ടേറ്റും ശ്വാസം മുട്ടിയും നാല് പേരാണ് മരിച്ചത്.