മകരവിളക്ക് കഴിഞ്ഞു; ശബരിമലയിൽ തിരക്ക് കുറഞ്ഞു
Tuesday, January 16, 2024 10:28 AM IST
ശബരിമല: മകരവിളക്ക് കഴിഞ്ഞതോടെ ശബരിമലയിൽ തിരക്ക് കുറഞ്ഞു. ഒരുലക്ഷത്തലധികം പേർ സന്നിധാനത്ത് മാത്രം മകരവിളക്ക് ദർശനത്തിനുണ്ടായിരുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും കണക്ക്.
കഴിഞ്ഞ ഒരാഴ്ചയായി മകരവിളക്ക് ദർശനത്തിനായി പർണശാലകൾ കെട്ടി കാത്തിരുന്ന തീർഥാടകർ രാത്രിയോടെ മലയിറങ്ങിത്തുടങ്ങി. പമ്പയിൽ തിങ്കളാഴ്ച മലയിറങ്ങുന്ന തീർഥാടകരുടെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
തിങ്കളാഴ്ച പമ്പയിൽ തടഞ്ഞുനിർത്തിയ തീർഥാടകരാണ് ഇന്ന് ദർശനത്തിനായി എത്തുന്നത്. അമ്പതിനായിരത്തിൽ താഴെമാത്രമാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്.
ഈമാസം 19നാണ് മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളിപ്പ് നടത്തുക. അന്ന് രാത്രി ഗുരുതി അടക്കമുള്ള ചടങ്ങുകൾ നടക്കും. 20 വരെ തീർഥാടകർക്ക് ദർശനത്തിനുള്ള അവസരമുണ്ട്. 21നാണ് നടയടയ്ക്കുന്നത്. അന്ന് തിരുവാഭരണ സംഘം തിരികെ പന്തളത്തേക്ക് മടങ്ങും.