പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർണം. ഇന്ന് വൈകുന്നേരം ആറോടെ തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. ശേഷമുള്ള ദീപാരാധനയ്ക്ക് പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഏകദേശം ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തെത്തുമെന്നാണ് വിലയിരുത്തൽ. ഇവിടെ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി ഭക്തരാണ് ഇപ്പോഴും മലയിറങ്ങാതെ സന്നിധാനത്തുള്ളത്.

പത്ത് വ്യൂ പോയിന്‍റുകളാണ് മകരജ്യോതി ദർശനത്തിനായി തയാറാക്കിയിരിക്കുന്നത്. ദർശനത്തിനായി ഭക്തരെത്തുന്ന പുല്ലുമേട്ടിലും പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ഈ ഭാഗങ്ങളിലെല്ലാം തന്നെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തും. മകരവിളക്ക് ദർശിച്ച് കഴിഞ്ഞ് തീർഥാടകർക്ക് തിരികെ സന്നിധാനത്തേക്ക് പോകാൻ അനുവാദമില്ല. മകരവിളക്കിനോടനുബന്ധിച്ചുള്ള മകരസംക്രമ പൂജ ഇന്ന് പുലർച്ചെ 2.45ന് പൂർത്തിയായി.