റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറന്പിൽ വിജയപുരം രൂപത സഹായ മെത്രാൻ
Saturday, January 13, 2024 4:47 PM IST
കോട്ടയം: വിജയപുരം രൂപത സഹായ മെത്രാനായി റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറന്പിലിനെ (52) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിജയപുരം രൂപതാ വികാരി ജനറാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ പാന്പനാർ ഇടവകാംഗമാണ്.
വിമലഗിരി കത്തീഡ്രലിൽ വൈകുന്നേരം നാലിന് നടന്ന പ്രഖ്യാപന ചടങ്ങിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ നിയുക്ത മെത്രാൻ റവ.ഡോ. ജസ്റ്റിൻ മഠത്തിപ്പറന്പിലിനെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു.
റോമിലെ സെന്റ് ആസൽമോ യൂണിവേഴ്സിറ്റിയിൽ നിന്ന് ആരാധനാക്രമത്തിൽ ലൈസൻഷിയേറ്റും ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇടുക്കി, ഗുഡാർവിള ഇടവകകളിൽ വികാരിയായും മൂന്നാർ ഇടവകയിൽ സഹവികാരിയായും സേവനമനുഷ്ഠിച്ചു.
1996 ഡിസംബർ 27ന് ഡോ. പീറ്റർ തുരുത്തിക്കോണത്തിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1930 ജൂലൈ 14ന് സ്ഥാപിതമായ വിജയപുരം രൂപത കോട്ടയം, ഇടുക്കി ജില്ലകൾ പൂർണമായും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭാഗികമായും വിസ്തൃതമാണ്. 84 ഇടവകളിലായി തൊണ്ണൂറായിരത്തോളം വിശ്വാസികളുണ്ട്. മലയാളത്തിനു പുറമെ തമിഴ് ഭാഷക്കാരുമുണ്ട്.