തെരുവുനായ്ക്കൾ കടിച്ചുകീറി; ഭോപ്പാലിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Saturday, January 13, 2024 3:15 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു.
ബുധനാഴ്ച നഗരത്തിലെ അയോധ്യ നഗർ പ്രദേശത്ത് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഇതേത്തുടർന്ന് സംഭവദിവസം കുടുംബാംഗങ്ങൾ സംസ്കരിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഗുണ ജില്ലയിൽ നിന്നുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. സംഭവദിവസം കുഞ്ഞിനെ അടുത്ത് നിലത്തുകിടത്തിയിട്ടാണ് അമ്മ ജോലിചെയ്തത്. ഈസമയം തെരുവുനായ്ക്കൾ കുഞ്ഞിനെ കടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു.
ഇതുകണ്ട സമീപത്തുള്ള ആളുകൾ ബഹളംവച്ച് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും നായ്ക്കൾ കുഞ്ഞിന്റെ ഒരു കൈ കടിച്ചെടുത്തിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിനു പിന്നാലെ കുഞ്ഞിന്റെ കുടുംബം ഭോപ്പാലിനടുത്തുള്ള ഒരു ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
അതേസമയം, കുട്ടിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം 50,000 രൂപ ധനസഹായം നൽകിയിട്ടുണ്ടെന്നും മറ്റൊരു 50,000 രൂപ ഉടൻ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അയോധ്യ നഗർ പ്രദേശത്തുനിന്ന് എട്ടു തെരുവുനായ്ക്കളെ പിടികൂടിയിട്ടുണ്ട്.