രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; നൈറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി
Friday, January 12, 2024 9:29 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്തി. മുൻ എംഎൽഎ വി.ടി. ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
രാജ്ഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ പന്തം കൊളുത്തിയാണ് പ്രവർത്തകരെത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ക്ലിഫ് ഹൗസിലേക്കുള്ള റോഡുകളെല്ലാം പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. പ്രകടനം കടന്നുവന്ന വഴിയിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു.
സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണത്തിന് തടസം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. തുടർന്ന് രാഹുൽ സമർപ്പിച്ച് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.