അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; എൽ.കെ. അദ്വാനി പങ്കെടുക്കും
Thursday, January 11, 2024 10:16 AM IST
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്.
അലോക് കുമാറും, ആർഎസ്എസ് നേതാക്കളായ കൃഷ്ണ ഗോപാൽ, രാം ലാൽ എന്നിവർ കഴിഞ്ഞ ദിവസം ചടങ്ങിനുള്ള ക്ഷണ പത്രിക അദ്വാനിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പങ്കെടുക്കും എന്ന് സ്ഥിരീകരിച്ചത്.
അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്.
എന്നാൽ ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.