നിയമസഭാംഗങ്ങൾ ഇടയ്ക്കിടെ പാർട്ടി മാറരുത്: വെങ്കയ്യ നായിഡു
Thursday, January 11, 2024 5:48 AM IST
മുംബൈ: നിയമസഭാംഗങ്ങൾ ഇടയ്ക്കിടെ പാർട്ടി മാറരുതെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനപ്രതിനിധികൾ പാർട്ടി മാറുന്നത് ജനാധിപത്യത്തോട് ആളുകൾക്ക് മോശം മനോഭാവം തോന്നിക്കുമെന്നും രാഷ്ട്രീയത്തോട് ആളുകൾക്ക് താൽപര്യം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എംഐടി സ്കൂൾ ഓഫ് ഗവൺമെന്റും എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച പതിമൂന്നാമത് ഭാരതീയ ഛത്ര സൻസദിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവ രാഷ്ട്രീയക്കാരോടും വിദ്യാർഥികളോടുമുള്ള എന്റെ ഉപദേശം ഇതാണ്.- രാഷ്ട്രീയത്തിൽ ചേരുക. ക്രിയാത്മകവും ശ്രദ്ധയുള്ളവരുമായിരിക്കുക. ഇടയ്ക്കിടെ പാർട്ടി മാറരുത്. ഇന്നിപ്പോൾ ആരൊക്കെ ഏത് പാർട്ടിയിലാണെന്ന് മനസിലാക്കാൻ പ്രയാസമാണ്.
ഞാൻ രാജ്യത്തുടനീളം പോകുകയും ചടങ്ങുകളിലും മറ്റും ആളുകളുടെ പേരുകളും പാർട്ടികളും പരാമർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ആ വ്യക്തി ഇപ്പോൾ ആ പാർട്ടിയിൽ ഇല്ലെന്ന് മറ്റുള്ളവർ എന്നെ തിരുത്താറുണ്ട്. ഇത് ജനാധിപത്യത്തിന് നാണക്കേടാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വളർന്നുവരുന്ന രാഷ്ട്രീയക്കാർക്കുള്ള എന്റെ ഉപദേശമാണിത്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുക. നേതാവ് അഹങ്കാരിയും സ്വേച്ഛാധിപതിയുമായി മാറിയാൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുക. ഇതാണ് വഴി. അല്ലെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയത്തോടുള്ള ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ തടയുകയും വേണം. എന്നാൽ അവർ ശത്രുക്കളല്ലെന്ന് സർക്കാർ ഓർമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാംഗങ്ങൾ ജനങ്ങൾക്ക് മാതൃകയാകണമെന്നും സഭാനടപടികൾ തടസപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.