നാണം കെട്ട വിധി; ശിവസേന തർക്കത്തിൽ പ്രതികരിച്ച് ആദിത്യ താക്കറെ
Thursday, January 11, 2024 4:54 AM IST
മുംബൈ: മുഖ്യമന്ത്രി എക്നാഥ് ഷിൻഡയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് യാഥാർഥ ശിവസേനയെന്ന സ്പീക്കർ രാഹുൽ നർവേക്കറുടെ റൂളിംഗിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുൻ മന്ത്രിയും ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ ആദിത്യ താക്കറെ. ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നാണംകെട്ട വിധി ഇതുവരെ കണ്ടിട്ടില്ലെന്ന് ആദിത്യ താക്കറെ എക്സിൽ കുറിച്ചു.
ഡോ. ബാബാസാഹെബ് അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയ്ക്ക് എതിരാണ് ഗദ്ദാറുടെ (വഞ്ചകരുടെ) ഭരണം എന്നത് വ്യക്തമാണ്. ജനാധിപത്യം അവസാനിപ്പിക്കാൻ ഭരണഘടന തിരുത്തിയെഴുതാൻ അവർ ആഗ്രഹിക്കുന്നു.
ഈ വിധി നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യത്തെയും ഭരണഘടനയുടെ പ്രധാന തൂണുകളെയും ഔദ്യോഗികമായി കൊന്നൊടുക്കിയിരിക്കുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ഡോ. ബാബാസാഹെബ് അംബേദ്കർ നമുക്ക് നൽകിയ രാഷ്ട്രത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഞങ്ങൾ പോരാടും. ഈ വിധി ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെയുടെ മാത്രം കാര്യമായിരുന്നില്ല. ഇത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ചാണ്.
യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള സ്പീക്കറുടെ വിധിയിന്മേൽ സുപ്രീംകോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അപമാനകരമായ രാഷ്ട്രീയ കളിക്കെതിരെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സംരക്ഷണം ഉണ്ടെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ആദിത്യ താക്കറെ പറഞ്ഞു.